മുതലപ്പൊഴിയിൽ ഒരു വിഭാഗം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
Tuesday, April 22, 2025 2:10 PM IST
തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് മന്ത്രി വി. ശിവൻകുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വി. ശശിയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയയാളാണ് വി. ശശിയെന്നും അദ്ദേഹത്തിന്റെ ഓഫീസ് അടിച്ച് തകർത്തവർക്കെതിരേ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ നടപടി തുടങ്ങി. ജെസിബി ഉപയോഗിച്ച് മണൽ നീക്കം ചെയ്യാനുള്ള ജോലികൾ രാവിലെ മുതൽ ആരംഭിച്ചു. മൂന്ന് മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്.
വലിയ ഡ്രഡ്ജർ ഉപയോഗിച്ച് പൊഴിമുഖത്ത് അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒന്നരമാസമായി മത്സ്യത്തൊഴിലാളികൾ സമരത്തിലായിരുന്നു. കഴിഞ്ഞയാഴ്ച പൊഴി മുറിയ്ക്കാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങി. വലിയ ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാമെന്ന ഉറപ്പിൻമേലാണ് ഇന്ന് പൊഴി മുറിയ്ക്കൽ നടപടികൾ അനുവദിക്കാൻ സമരസമിതി തീരുമാനിച്ചത്.
വലിയ ഡ്രഡ്ജർ കടൽ മാർഗം വ്യാഴാഴ്ച യോടെ മുതലപ്പൊഴിയിൽ എത്തിയ്ക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മണൽ നീക്കം ചെയ്യാത്തത് കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. മണൽ നീക്കം ചെയ്യാമെന്ന് നിരവധി തവണ സർക്കാർ ഉറപ്പ് നൽകിയെങ്കിലും പാലിച്ചിരുന്നില്ല. ഇതാണ് മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയുമായി കോണ്ഗ്രസും സിഐടിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമവായത്തിലെത്തിയത്.