ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയ സംഭവം; വിന് സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
Tuesday, April 22, 2025 12:04 PM IST
കൊച്ചി: സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന് സി. അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് ക്ഷമാപണം നടത്തിയതായാണ് ലഭ്യമാകുന്ന വിവരം.
ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈന്‍ ഉറപ്പ് നല്കി. ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈന്‍ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇന്റേണല്‍ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിന് സിയും യോഗത്തില്‍ നിലപാടെടുത്തു.
തന്റെ പരാതി ചോര്‍ന്നതിലുള്ള അതൃപ്തിയും വിന് സി യോഗത്തില്‍ അറിയിക്കുകയുണ്ടായി. പോലീസില്‍ പരാതി നല്കാന് തയാറല്ലെന്ന നിലപാട് ഇന്റേണല്‍ കമ്മിറ്റി യോഗത്തിലും വിന് സി ആവര്‍ത്തിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് ആലോചന.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.