ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ല; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍
Tuesday, April 22, 2025 8:46 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നുണ്ട്. അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്.
അതിനിടെ മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
പക്ഷാഘാതത്തെ തുടർന്ന് കോമയിലായ മാർപാപ്പയ്ക്ക് പിന്നീട് ഹൃദയസ്തംഭനവുമുണ്ടായി. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.