പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഗാർഡിനെ പിടികൂടി ജനക്കൂട്ടം
Tuesday, April 22, 2025 8:00 AM IST
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഗാർഡിനെ മർദിച്ച് ജനക്കൂട്ടം. രാജസ്ഥാനിലെ രന്തംബോർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് ഗാർഡായ മുകേഷ് ഗുർജാർ (41)നെയാണ് സവായ് മധോപൂർ ജില്ലയിൽ ഗ്രാമവാസികൾ പിടികൂടി മർദിച്ചത്.
പീഡനശ്രമത്തിൽ നിന്നും രക്ഷപെടാനായി കിണറ്റിൽ ചാടിയ 17കാരിയെ നിസാരപരിക്കുകളോടെ രക്ഷപെടുത്തി.
തിങ്കളാഴ്ച പെൺകുട്ടി കാട്ടിലേക്ക് പോയിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന മുകേഷ് ഗുർജാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപെടാനായി കുട്ടി കിണറ്റിലേക്ക് ചാടി.
പെൺകുട്ടി ഉറക്കെ കരഞ്ഞപ്പോൾ ഗ്രാമവാസികൾ ഓടിയെത്തി ഇയാളെ പിടികൂടി മർദിക്കുകയായിരുന്നുവെന്ന് റാവഞ്ജന ദുൻഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരിമാൻ മീണ പറഞ്ഞു. ഗുർജാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിക്ക് ഗുരുതരമായതിനാൽ ജയ്പൂരിലേയ്ക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുർജാറിനെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.