ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
Tuesday, April 22, 2025 7:15 AM IST
കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവള്ളി -പറവൂര്‍ റോഡില്‍ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപമാണ് സംഭവം.
വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. രഞ്ജിത്ത്, കോട്ടയം മുത്തോലി സ്വദേശി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍പ്പെട്ട ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്കൂട്ടര്‍ മതിലിലിടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്ജുന് സുബ്രഹ്മണ്യന് (29)എന്നയാള്‍ക്കാണ് കാലിനു പരിക്കേറ്റത്.
അപകടം നടക്കുമ്പോള്‍ പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ യുവാക്കള്‍ റോഡിന് നടുവിലായി ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു.
പറവൂരില്‍നിന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ആര്‍സി ബുക്കില്‍നിന്നാണ് പോലീസ് മരിച്ചവരുടെ വിവരം ശേഖരിച്ചത്.