"അച്ഛനെ കൊന്നതുപോലെ മകനെയും കൊല്ലും'; ബാബാ സിദ്ധിഖിയുടെ മകന് വധഭീഷണി
Tuesday, April 22, 2025 6:44 AM IST
മുംബൈ: അന്തരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും ബാബ സിദ്ദിഖിയുടെ മകനുമായ സീഷാൻ സിദ്ദിഖിന് വധഭീഷണി. ഇമെയിൽ വഴിയാണ് തനിക്ക് വധിഭീഷണി ലഭിച്ചതെന്ന് സീഷാൻ പറയുന്നു.
അച്ഛൻ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്.
സീഷാൻ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
2024 ഒക്ടോബർ 12 നാണ് ബാബാ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെടുന്നത്. സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ബാബാ സിദ്ദിഖി.
ഓഫീസിൽ നിന്നിറങ്ങി കാർ പാർക്കു ചെയ്ത് ഖേർവാഡി ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതി ശിവകുമാര്‍ ഗൗതം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.