കനാലിൽ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിൽ കൗമാരക്കാരിയുടെ മൃതദേഹം
Tuesday, April 22, 2025 12:41 AM IST
ലക്നോ: ഉത്തർപ്രദേശിൽ കനാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിൽ നിന്നും കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. ഗാസിയാബാദിലെ മസൂരി ഗംഗാ കനാലിൽ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് 16-17 വയസ് പ്രായം തോന്നിക്കും. ശരീരത്തിൽ പരിക്കുകളൊന്നുമില്ല. മൃതദേഹത്തിന് രണ്ട്, മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സമീപത്തുള്ള റെയിൽവേ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന ട്രെയിനിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും വാഹനത്തിൽ നിന്നോ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞതാകാനാണ് സാധ്യതയെന്നും പോലീസ് കൂട്ടിച്ചേർത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.