ഈഡൻ ഗാർഡൻസിൽ തകർന്നുവീണ് കെകെആർ; ഗുജറാത്തിന് തകർപ്പൻ ജയം
Monday, April 21, 2025 11:31 PM IST
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 39 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളു. നായകൻ രഹാനെ അർധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനിയില്ല. 50 റൺസെടുത്ത രഹാനെയാണ് കെകെആറിന്റെ ടോപ് സ്കോറർ.
അംഗ്രിഷ് രഘുവൻഷി 27 റൺസും ആൻഡ്രെ റസൽ 21 റൺസുമെടുത്തു. ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമ, വാഷിംഗ്ടൺ സുന്ദർ, ആർ സായ് കിഷോർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത് .നായകൻ ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും ജോസ് ബട്ട്ലറുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
90 റൺസെടുത്ത ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 55 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗസ്. സായ് സുദർശൻ 52 റൺസും ജോസ് ബട്ട്ലർ 41 റൺസും എടുത്തു. കോൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറയും ഹർഷിത് റാണയും ആൻഡ്രെ റസലും ഓരോ വിക്കറ്റ് വീതമെടുത്തു.
വിജയത്തോടെ 12 പോയിന്റായ ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.