മറവിരോഗബാധിതര്‍ക്കായി നൂതന ചികിത്സാരീതി ആരംഭിക്കുന്നു
സീമ മോഹന്‍ലാല്‍
Monday, April 21, 2025 11:00 PM IST
കൊച്ചി: സംസ്ഥാനത്ത് മറവി രോഗബാധിതര്‍ക്കായി (ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ്) നൂതന ചികിത്സാ രീതി ആരംഭിക്കുന്നു. ക്യൂബയുമായി സഹകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മറവിരോഗം ബാധിച്ചത് 574 പേര്‍ക്കാണ്. 2024 ല്‍ 3,112 പേരും 2023 ല്‍ 2,763 പേരും 2022 ല്‍ 2,304 പേരും മറവി രോഗബാധിതരായി എന്നാണ് കണക്കുകളിലുള്ളത്.2021 ല്‍ 2,002 പേര്, 2020 ല്‍ 1,769 പേര്, 2019 ല്‍ 1,847 പേര്, 2018 ല്‍ 1,548 പേര്, 2017 ല്‍ 1,047 പേര്, 2016 ല്‍ 475 പേര് എന്നിങ്ങനെയാണ് മറവി രോഗത്തിന്റെ പിടിയില്‍ അമര്‍ന്നവരുടെ കണക്കുകള്‍.
മറവി രോഗബാധിതര്‍ക്കുള്ള ചികിത്സ ഡിമെന്‍ഷ്യ ക്ലിനിക്കുകള്‍ മുഖേന നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗ നിര്‍ണയവും ചികിത്സയും തുടര്‍ പരിചരണവും രോഗികളെ പരിചരിക്കുന്നവര്‍ക്കായി മാനസികാരോഗ്യ പിന്തുണയും സംശയനിവാരണവും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്. ജില്ലയിലെ പ്രധാന മേജര്‍ ആശുപത്രികളില്‍ സൈക്യാട്രി വിഭാഗത്തില്‍ ഒപി/ഐപി സംവിധാനവും നിലവിലുണ്ട്.
ജില്ലകളിലെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ഇവര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.മറവിരോഗം ബാധിച്ച രോഗികള്‍ക്ക് മെഡിക്കല്‍ കോളജുകളിലെ ഒപിയില്‍ ചികിത്സയും പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികള്‍ക്കാവശ്യമായ പരിശോധനകളായ സിടി സ്കാന്‍, എംആര്‍ഐ, ഇഇജി, എസ്എസ്ഇപി, എല്‍പി, സിഎസ്എഫ് സ്റ്റഡി, രക്തപരിശോധന എന്നിവ നടത്തി രോഗനിര്‍ണയം നടത്തുകയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തുന്നതിനുള്ള സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.