ഇടഞ്ഞുനിൽക്കുന്നവരെ ഒപ്പം നിർത്താൻ ബിജെപി; കൺവൻഷൻ പരന്പര തുടങ്ങി
Monday, April 21, 2025 8:25 PM IST
തൃശൂർ: കേരളത്തിന്റെ വികസനത്തിന് എന്ന ആഹ്വാനമുയർത്തി ബിജെപി സംഘടിപ്പിക്കുന്ന കൺവൻഷൻ പരമ്പരയ്ക്ക് തൃശൂരിൽ തുടക്കമായി. വികസിതകേരളം കൺവൻഷന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് നേതൃത്വം നൽകുന്നത്. തൃശൂരിൽനിന്ന് ആരംഭിച്ച് മേയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലാ കൺവൻഷനോടെ ആദ്യഘട്ടം സമാപിക്കുന്ന രീതിയിലാണ് കൺവൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.
20 ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ കേരളത്തിന്റെ ഭാവി വികസന പദ്ധതികളും സ്വപ്നങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പ്രമുഖ വ്യക്തികളെ സന്ദർശിക്കൽ, സ്ഥാപനങ്ങൾ, ബലിദാനികളുടെ വീടുകളുടെ സന്ദർശനം എന്നിവയും വികസന സെമിനാറുകളും കൺവൻഷന്റെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ഈസ്റ്റർ ദിനത്തിൽ തലസ്ഥാനത്തെ പള്ളികൾ സന്ദർശിച്ചതും മറ്റ് ജില്ലകളിൽ ജില്ലാ അധ്യക്ഷന്മാർ ക്രൈസ്തവ ദേവാലയങ്ങൾ, പുരോഹിതർ എന്നിവരെ സന്ദർശിച്ചതുമെല്ലാം കൺവൻഷന്റെ മുന്നോടിയായിരുന്നു. വികസിത കേരളത്തിനുവേണ്ടി ആര് ആവശ്യപ്പെട്ടാലും അത് സ്വാഗതാർഹമാണെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി വികസന കേരളം എന്ന മുദ്രാവാക്യമുയർത്തി കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ 30 സംഘടനാ ജില്ലകളിൽ കൺവൻഷനുകൾ സംഘടിപ്പിക്കും.
സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികൾക്ക് ‘ടീം വികസിത കേരളം’ എന്നാണ് പാർട്ടി അധ്യക്ഷൻ നൽകിയ പേര്. ഇതേ പേരിൽ കൺവൻഷനുകൾ സംഘടിപ്പിക്കുകയാണ് ബിജെപി തീരുമാനം.
തൃശൂർ സിറ്റി, റൂറൽ ജില്ലകളിലാണ് ഇന്നു തുടക്കം. രാവിലെ ജില്ലാ കോർകമ്മിറ്റി യോഗങ്ങൾ നടന്നു. പഞ്ചായത്ത് തലം മുതലുള്ള ഭാരവാഹികളുടെ പ്രത്യേക കൺവൻഷൻ, അധ്യക്ഷന്റെ പവർ പോയിന്റ് പ്രസന്റേഷൻ എന്നിവയാണ് കൺവൻഷൻ അജണ്ട.
ഓരോ തദ്ദേശ സ്ഥാപനങ്ങളെയും നിയമസഭാ മണ്ഡലങ്ങളെയും ജയസാധ്യത അനുസരിച്ച് എ, ബി, സി വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എ യ്ക്കാണ് ജയസാധ്യത കൂടുതൽ. എയിൽ ജയം ഉറപ്പാക്കാനും മറ്റിടങ്ങളിൽ നേട്ടം ഉണ്ടാക്കാനുമുള്ള പ്ലാനുകൾ കൺവൻഷനിൽ മുന്നോട്ടുവയ്ക്കും.
താഴെത്തട്ട് മുതൽ ഭാരവാഹികൾ ഓരോ മാസവും പ്രവർത്തന പുരോഗതി റിപ്പോർട്ട് അധ്യക്ഷന് കൈമാറണം. ഓരോ ജില്ലകളിലും പല കാരണങ്ങൾ കൊണ്ട് സജീവമല്ലാതെ മാറി നിൽക്കുന്ന പ്രാദേശിക നേതാക്കളെ അധ്യക്ഷൻ പ്രത്യേകമായി കാണും. മത -സാമുദായിക തോക്കൾ, പൗരപ്രമുഖർ എന്നിവരുമായി അധ്യക്ഷൻ യാത്രയിൽ കുടിക്കാഴ്ച നടത്തും.
പുതിയ അധ്യക്ഷന്റെ ആദ്യ വെല്ലുവിളി തദ്ദേശ തെരഞ്ഞെടുപ്പാണ് എന്നതുകൊണ്ടുതന്നെ പാർട്ടിക്ക് അകത്തുള്ള പരിഭവങ്ങളും പിണക്കങ്ങളും എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ കൺവൻഷൻ പരമ്പരയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഓരോ ജില്ലകളിലും പ്രാദേശിക നേതാക്കളെ അധ്യക്ഷൻ പ്രത്യേകമായി കാണുന്നത് ഇതിന്റെ ഭാഗമാണ്.
കൺവൻഷൻ പൂർത്തിയാകുന്നതോടെ സംസ്ഥാന ബിജെപിയിലെ പുനഃസംഘടനയും ഉണ്ടാകുമെന്നാണ് സൂചന. ജില്ലാ ഭാരവാഹികളെ തീരുമാനിച്ചപ്പോൾ പലയിടത്തും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതി മുരളീധര പക്ഷത്തിനും കൃഷ്ണദാസ് വിഭാഗത്തിനുമുണ്ട്. സംസ്ഥാന പുനഃസംഘടനയിൽ ആരൊക്കെയാകും പുതിയ ഭാരവാഹികൾ എന്നറിയാനും പാർട്ടി പ്രവർത്തകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.