വേദനിക്കുന്ന ജനതയുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പ: ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ
Monday, April 21, 2025 6:26 PM IST
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ. മാർപാപ്പയുടെ വിയോഗം ഞെട്ടലുളവാക്കിയെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അനുകരിക്കാവുന്നതാണെന്നും ലോക ജനതയ്ക്ക് വലിയ സന്ദേശം നൽകിയ വ്യക്തിയാണെന്നും ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ പറഞ്ഞു. ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചതും മറ്റൊരു സന്ദേശമാണ്. പേരു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചുവെന്നും ആർച്ച് ബിഷപ് പറഞ്ഞു.
"ചർച്ച് എന്ന സ്ഥാപനം നവീകരിക്കപ്പെടേണ്ടതാണെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. പുതുതായി വരുന്ന പാപ്പ അതു തുടരുമെന്നുള്ള കാര്യത്തിൽ സംശയമില്ല. ലോകരാജ്യങ്ങളുടെ അവസ്ഥകൾ അദ്ദേഹത്തിന് അറിയാമായിരുന്നു. കുടിയേറ്റ ജനതയേയും ദരിദ്രരെയും ചേർത്തുപിടിച്ചു.'- ആർച്ച് ബിഷപ് പറഞ്ഞു.
വേദനിക്കുന്ന ജനതയുടെ ശബ്ദമായി മാർപാപ്പ മാറിയെന്നും ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ കൂട്ടിച്ചേർത്തു.