"ഇടിച്ചുകയറി പാർട്ടിയെ അപകീർത്തിപ്പെടുത്തരുത്'; നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം
Monday, April 21, 2025 12:24 PM IST
തിരുവനന്തപുരം: പരിപാടികളിൽ മുൻനിരയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്ന നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്ന് പറയുന്നു.
ചിലരുടെ ഭാഗത്തുനിന്ന് ഒരു നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികൾ ചിലപ്പോഴെങ്കിലും ഉണ്ടാവുന്നു. ഇടിച്ചുകയറാൻ മത്സരിക്കുന്നവർ ഏത് മഹത്തായ പരിപാടിയെയും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിലേക്ക് മാറ്റുകയാണ്.
സമൂഹമധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും മതിയാക്കണമെന്നും മുഖപ്രസംഗം വിമർശിക്കുന്നു. ഉദ്ഘാടകനും അധ്യക്ഷനും മറ്റ് നേതാക്കൾക്കും അർഹിക്കുന്ന സ്ഥാനങ്ങളിൽ ഇരിപ്പിടങ്ങൾ സംഘാടകർ ഉറപ്പുവരുത്തണം. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യമായ വിശാലതയാണ്. അത് കുത്തഴിഞ്ഞ അവസ്ഥയാക്കരുത്.
പരിപാടികള്‍ക്ക് പിന്നിലുള്ള അധ്വാനവും ത്യാഗവും ബൂത്ത് തലം മുതലുള്ള നേതാക്കള്‍ മനസിലാക്കി മാതൃകാപരമായി പെരുമാറണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ പരിപാടികളില്‍ ഇടിച്ചുകയറുന്നത് സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോ ആയി പ്രചരിച്ചതിനു പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് മുഖപത്രം രംഗത്തെത്തിയത്.