ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനെ ഇനിയും പിടികൂടാനാകാതെ പോലീസ്
Monday, April 21, 2025 12:12 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് ഒരു മാസമാകാറായിട്ടും പ്രതി സുകാന്തിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പേട്ട പോലീസിന്റെ അലംഭാവത്തിൽ ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ കടുത്ത അതൃപ്തിയിലാണ്.
ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത്. സുകാന്ത് വിവാഹത്തിൽനിന്നു പിൻമാറിയതിലുള്ള മനോവിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.
മരണത്തിന് കാരണം സുകാന്താണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പോലീസ് സുകാന്തിനെ പ്രതി ചേർത്തിരുന്നു. ഇതോടെ സുകാന്ത് കുടുംബസമേതം ഒളിവിൽ പോകുകയായിരുന്നു.
ഞായറാഴ്ച സുകാന്തിന്റെ എടപ്പാളിലെ വീട്ടിൽ പേട്ട പോലീസ് പരിശോധന നടത്തിയിരുന്നു. പൂട്ടിയിട്ടിരുന്ന വീടിന്റെ താക്കോൽ അടുത്ത വീട്ടിൽനിന്നു വാങ്ങിയശേഷമാണ് പോലീസ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ഹാർഡ് ഡിസ്ക്കുകളും പാസ്ബുക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. സാന്പത്തികമായും ലൈംഗികമായും സുകാന്ത് യുവതിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം.
കഴിഞ്ഞമാസം 24 ന് രാവിലെയാണ് ചാക്കയ്ക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ ഐബി ഉദ്യോഗസ്ഥയായ യുവതിയെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാണെന്ന് ലോക്കൊ പൈലറ്റ് പോലീസിൽ മൊഴി നൽകിയിരുന്നു. അതേസമയം പ്രതി സുകാന്തിനെതിരെ വകുപ്പ്തല നടപടി അധികൃതർ ഇതുവരെയും എടുത്തിട്ടില്ല.