മാസപ്പടി കേസ്; വീണാ വിജയന് അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി
Monday, April 21, 2025 11:38 AM IST
കൊച്ചി: മാസപ്പടി കേസില്‍ വീണാ വിജയന് അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകി. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് നിലവിൽ മൊഴി ആവശ്യപ്പെട്ട് ഇഡി അപേക്ഷ നല്‍കിയത്. ഒരു വര്‍ഷം മുന്‍പ് എസ്എഫ്ഐഒ- സിഎംആര്‍എല്‍ ദുരൂഹയിടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികള്‍ വേഗത്തിലാക്കും.