കുടുംബവഴക്ക്: ഗൃഹനാഥന് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
Monday, April 21, 2025 10:33 AM IST
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ. അംബേദ്കര്‍ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ജീവനൊടുക്കിയത്.
വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത മകള്‍ സന്ധ്യ കടം വാങ്ങിയ തുക തിരികെ നല്കാന് വൈകിയതുമായി ബന്ധപ്പെട്ട് കുറച്ചുദിവസം മുന്‍പ് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ തന്നെ കൃഷ്ണന്‍കുട്ടി നിര്‍മിച്ച ഒരു വീട് സന്ധ്യയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടുമുണ്ട്.
കൃഷ്ണന്‍കുട്ടി കഴിഞ്ഞയാഴ്ച ഭാര്യയെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് തടയാനെത്തിയ സന്ധ്യയെയും ഉപദ്രവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെയായി. ശനിയാഴ്ച വൈകീട്ടോടെ രണ്ട് കന്നാസുകളിലായി പെട്രോള്‍ വാങ്ങി വീട്ടിലെത്തി.
രാത്രി വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സന്ധ്യയുടെ ഇരുചക്രവാഹനമുള്‍പ്പെടെ പെട്രോളൊഴിച്ച് കത്തിച്ചു. പിന്നീട് കിടപ്പുമുറിയിലെത്തി സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. തീ ആളിപ്പടര്‍ന്ന് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിച്ചു.