ഐപിഎൽ; ചെന്നൈക്കെതിരേ മുംബൈക്ക് തകർപ്പൻ ജയം
Sunday, April 20, 2025 10:54 PM IST
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റിന്റെ വമ്പൻ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയർത്തിയ 176 റൺസ് 15.4 ഓവറിൽ മുംബൈ മറികടന്നു. 177 റൺസാണ് മുംബൈ അടിച്ചെടുത്തത്. സൂര്യകുമാർ യാദവിന്റെയും രോഹിത് ശർമയുടെയും അർധ സെഞ്ചുറിയുടെ കരുത്തിലാണ് മുംബൈ നിഷ്പ്രയാസം വിജയലക്ഷ്യം മറികടന്നത്.
45 പന്തിൽ 76 റൺസ് എടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
30 പന്തിൽ ആറ് ബൗണ്ടറിയും അഞ്ച് സിക്സും അടക്കം 68 റൺസ് എടുത്ത് സൂര്യകുമാർ യാദവ് പുറത്താകാതെനിന്നതോടെ ചെന്നൈയുടെ സ്കോർ മറികടന്നു. 19 പന്തിൽ 24 റൺസ് എടുത്ത് റയാൻ റിക്കെൽട്ടണും മുംബൈക്കായി തിളങ്ങി.
ചെന്നൈക്കായി രവീന്ദ്ര ജഡേജയാണ് 6.4 ഓവറിൽ സ്കോർ 63 ൽ നിൽക്കെ റയാൻ റിക്കെൽട്ടന്റെ വിക്കറ്റെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് അടിച്ചെടുത്തത്. രവീന്ദ്ര ജഡേജയുടെയും ശിവം ധൂബെയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ചെന്നൈ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. 35 പന്തിൽ 53 റൺസ് എടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ. നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
ശിവം ധൂബെ 32 പന്തിൽ രണ്ട് ഫോറും നാല് സിക്സും അടക്കം 50 റൺസ് അടിച്ചെടുത്തു. 15 പന്തിൽ 32 റൺസ് എടുത്ത് ആയുഷ് മഹത്രെയും ചെന്നൈക്കായി തിളങ്ങി.
മുംബൈക്കായി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളാണ് പിഴുതത്. ദീപക് ചഹർ, അശ്വനി കുമാർ, മിച്ചെൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.