ഐപിഎൽ; മുംബൈക്കെതിരേ ചെന്നൈക്ക് മികച്ച സ്കോർ
Sunday, April 20, 2025 9:27 PM IST
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് അടിച്ചെടുത്തത്.
രവീന്ദ്ര ജഡേജയുടെയും ശിവം ധൂബെയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ചെന്നൈ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. 35 പന്തിൽ 53 റൺസ് എടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ. നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
ശിവം ധൂബെ 32 പന്തിൽ രണ്ട് ഫോറും നാല് സിക്സും അടക്കം 50 റൺസ് അടിച്ചെടുത്തു. 15 പന്തിൽ 32 റൺസ് എടുത്ത് ആയുഷ് മഹത്രെയും ചെന്നൈക്കായി തിളങ്ങി.
മുംബൈക്കായി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളാണ് പിഴുതത്. ദീപക് ചഹർ, അശ്വനി കുമാർ, മിച്ചെൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.