പകരംവീട്ടി ആർസിബി; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്തു
Sunday, April 20, 2025 7:05 PM IST
മുല്ലാന്പുര്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ബംഗളൂരു 18.5 ഓവറിൽ മറികടന്നു. വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ബംഗളൂരു പട അടിച്ചെടുത്തത്.
വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അർധ സെഞ്ചുറിയുടെ മികവിലാണ് ബംഗളൂരു അനായാസ ജയം സ്വന്തമാക്കിയത്. 73 റൺസ് എടുത്ത വിരാട് കോഹ്ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്കോറർ. 54 പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്.
ദേവ്ദത്ത് പടിക്കൽ 61 റൺസാണ് അടിച്ചുകൂട്ടിയത്. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്.
പഞ്ചാബിനായി അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാൻ, യുസ്വെൻട്രൽ ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്. പ്രഭ്സിമ്രാന്, ജോഷ് ലിംഗ്ലിസ്, ശശാങ്ക് സിംഗ്, മാർക്കോ ജെൻസൻ എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
33 റൺസ് എടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 17 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിമ്രാന്റെ ഇന്നിംഗ്സ്. ജോഷ് ലിംഗ്ലിസ് 17 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 29 റൺസും ശശാങ്ക് സിംഗ് 33 പന്തിൽ 31 റൺസും മാർകോ ജെൻസൻ 20 പന്തിൽ 25 റൺസുമെടുത്ത് തിളങ്ങി.
ബംഗളൂരുവിനായി ക്രുണാൽ പാണ്ഡ്യ, സുയഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം പിഴുതു. റൊമാരിയോ ഷെപ്പേർഡ് ഒരു വിക്കറ്റുമെടുത്തു.