ഈസ്റ്റര്‍: യുക്രെയ്നില്‍ തല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
Sunday, April 20, 2025 12:48 AM IST
മോസ്കോ: ഈസ്റ്ററിനോട് അനുബന്ധിച്ച് യുക്രെയ്നിൽ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച അര്‍ധരാത്രിവരെയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഇതുസംബന്ധിച്ച് സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ യുക്രെയ്ന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യന്‍ സൈനിക മേധാവി വലേറി ഗെരസിമോവുമായുള്ള സംഭാഷണത്തിനിടെ ടെലിവിഷനിലൂടെയാണ് പുടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷികമായ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും റഷ്യയുടെ മാതൃക യുക്രെയ്നും പിന്തുടരണമെന്നും പുടിന് പറഞ്ഞു.