ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Sunday, April 20, 2025 12:19 AM IST
തിരുവനന്തപുരം: ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റർ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നൽകുമെന്നും ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിർത്താൻ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവയ്ക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു.
എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് ഈസ്റ്റർ ആഘോഷങ്ങൾ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.