ആവേശ പോരിൽ രാജസ്ഥാനെ വീഴ്ത്തി ലക്നോ സൂപ്പർ ജയന്റ്സ്
Saturday, April 19, 2025 11:27 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റിസ് ആവേശ ജയം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ രണ്ട് റൺസിനാണ് ലക്നോ വിജയിച്ചത്.
ലക്നോ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 178 റൺസ് നേടാനെ സാധിച്ചുള്ളു. 52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. റിയാൻ പരാഗ് 39 റൺസും വൈഭവ് സൂര്യവൻഷി 34 റൺസും എടുത്തു. ഐപിഎല്ലില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14കാരന്.
ലക്നോവിന് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് എടുത്തു. മാർക്രവും ശർദൂൽ താക്കൂറും ഒരു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു.
10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. ഇതില്‍ 27 റണ്‍സും സന്ദീപ് ശര്‍മയെറിഞ്ഞ് അവസാന ഓവറിലായിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്ത് (9 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
വിജയത്തോടെ 10 പോയിന്റായ ലക്നോ സൂപ്പർ ജയന്റ്സ് നാലാം സ്ഥാനത്തെത്തി.