ഷൈനിന്റെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
Saturday, April 19, 2025 3:23 PM IST
കൊച്ചി: ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി ജയകുമാര്‍. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു.
ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. ഷൈനിന്റെ മൊഴികള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യപരിശോധനയ്ക്കായി ഷൈനിനെ നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തത്.
ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി.
ഹോട്ടലിൽ ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസലഹരി ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ മൊഴി നല്‍കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. ഷൈനിന്റെ രക്തം, നഖം, മുടി എന്നിവയുടെ സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.