സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ യുഡിഎഫ് ബഹിഷ്കരിക്കും: സതീശൻ
Saturday, April 19, 2025 1:56 PM IST
കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന്റെ വാർഷികാഘോഷങ്ങൾ യുഡിഎഫ് പൂർണമായി ബഹിഷ്കരിക്കുമെന്നും സതീശൻ പ്രതികരിച്ചു.
പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയെന്ന് സതീശൻ വിമർശിച്ചു.
സംസ്ഥാനം ഇന്നുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായി അവഗണിച്ചു. മലയോര മേഖലയിലെ മനുഷ്യര്‍ വന്യജീവി ആക്രമണങ്ങളില്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല.
കഴിഞ്ഞ നാല് മാസത്തിനിടയില്‍ 18 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം തടയാന്‍ പരമ്പരാഗതമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല. ക്ഷേമ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.