ചോദ്യം ചെയ്യുന്നത് മൂന്ന് എസിപിമാർ; ഹോട്ടലിൽ നിന്ന് ഓടിയത് പേടിച്ചിട്ടെന്ന് ഷൈൻ ടോം ചാക്കോ
Saturday, April 19, 2025 12:49 PM IST
കൊച്ചി: പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് പേടിച്ചിട്ടാണെന്ന് നടൻ ഷൈൻ ടോം ചാക്കോ മൊഴി നൽകി. തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. വന്നത് പോലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
അതേസമയം ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പോലീസ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളുമാണ് പരിശോധിക്കുന്നത്. ഗൂഗിൾ പേ ഇടപാടുകളും ഷൈൻ നടത്തിയ ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പോലീസ്.
പോലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30ന് ഹാജരാകാനായിരുന്നു ഷൈനിന് പോലീസ് നോട്ടീസ് നല്‍കിയത്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറു ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്.
അടുത്തിടെ ഷൈൻ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.