കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ മരിച്ച സംഭവം; ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയെന്ന് പ്രാഥമിക വിലയിരുത്തൽ
Saturday, April 19, 2025 6:56 AM IST
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ.
തൂണുകളുടെ ബലക്ഷയ പരിശോധന നടത്തിയില്ല. സംഭവത്തിൽ ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് കൈമാറും. മരിച്ച അഭിരാമിന്റെ സംസ്കാരം ഞായറാഴ്ച നടക്കും.
അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിരാം.
ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. നാലടിയോളം ഉയരമുണ്ടായിരുന്ന തൂണിന്റെ അടിയിൽപെട്ട അഭിരാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.