ചിന്നസ്വാമിയിൽ ആർസിബിക്ക് വീണ്ടും അടിതെറ്റി; പഞ്ചാബ് കിംഗ്സിന് മിന്നും ജയം
Saturday, April 19, 2025 12:19 AM IST
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് മിന്നും ജയം. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. 33 റൺസെടുത്ത നെഹാൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 19 പന്തിൽ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു നെഹാലിന്റെ ഇന്നിംഗ്സ്. പ്രിയാൻഷ് ആര്യ 16 റൺസും ജോഷ് ഇംഗ്ലിഷ് 14 റൺസും എടുത്തു.
ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റെടുത്തു. ഭുവനേഷ്വർ കുമാർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മഴ കാരണം 14 ഓറവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 95 റൺസെടുത്തത്.
അർധ സെഞ്ചുറി നേടിയ ടിം ഡേവിഡിന്റെ മികവിലാണ് ആർസിബി 95 റൺസ് നേടിയത്. 50 റൺസാണ് ടിം ഡേവിഡ് എടുത്തത്. 26 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഡേവിഡിന്റെ ഇന്നിംഗ്സ്.
നായകൻ രജത് പാട്ടീദാർ 23 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ്, മാർക്കോ യാൻസൺ, യുഷ്വേന്ദ്ര ചാഹൽ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സേവിയർ ബാർട്ട്ലറ്റ് ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ 10 പോയിന്റായ പഞ്ചാബ് കിംഗ്സ് ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് പോയിന്റുള്ള ആർസിബി നാലാം സ്ഥാനത്തായി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ തുടർച്ചായ മൂന്നാം തോൽവിയാണ് ആർസിബി ഏറ്റുവാങ്ങിയത്.