കഞ്ഞിക്കുഴിയിൽ ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ
Friday, April 18, 2025 11:54 PM IST
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ. ചേർത്തല കഞ്ഞിക്കുഴി മൂലം വെളിവടക്കേ കോളനിയിൽ ഷാജി( 48) ആണ് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്.
വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം ശേഖരിച്ച് വെച്ച് വിൽപന നടത്തിയതായി കണ്ടെത്തി.
പരിശോധനയിൽ 3.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ശ്രീലാൽ, അമൽ രാജ്, സുലേഖ, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ബെൻസി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.