കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച; അധ്യാപകര്‍ വാട്ട്സാപ്പ് വഴി ചോര്‍ത്തിയെന്ന് പരാതി
Friday, April 18, 2025 8:22 PM IST
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ വാട്ട്സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ത്തി എന്ന് പരാതി. സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാസര്‍കോട് ബേക്കലിലെ ഗ്രീന്‍വുഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നുമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തല്‍.
ചോദ്യപേപ്പര്‍ ചോര്‍ന്നത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പോലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സര്‍വകലാശാല സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.