കോട്ടയത്ത് കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം
Friday, April 18, 2025 2:55 PM IST
കോട്ടയം: നഗരപരിസരത്ത് ചുങ്കം, മള്ളൂശേരി, എസ്എച്ച് മൗണ്ട് പ്രദേശങ്ങളിൽ കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ആറ് കടകളുടെയും ക്ഷേത്രങ്ങളുടെയും പൂട്ട് കവർച്ചക്കാർ തകർത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചുങ്കത്ത് പ്രവർത്തിക്കുന്ന രണ്ട് വ്യാപാര സ്ഥാപനങ്ങളിലും മള്ളൂശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇത് കൂടാതെ എസ്എച്ച് മൗണ്ടിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയുടെ സമീപത്തെ മൂന്ന് കടകളിലും മോഷണം നടന്നിട്ടുണ്ട്.
കടകളുടെയെല്ലാം പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഉടമകൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു.