കുരിശ് പൊളിച്ച ഭൂമിയിലേക്ക് കുരിശിന്റെ വഴിയുമായി വിശ്വാസികൾ; തടഞ്ഞ് വനംവകുപ്പ്
Friday, April 18, 2025 12:42 PM IST
തൊടുപുഴ: തൊമ്മൻകുത്തിൽ കുരിശ് പൊളിച്ചുനീക്കിയ നാരങ്ങാനത്തേക്ക് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ പരിഹാരപ്രദക്ഷിണം തടഞ്ഞ് വനംവകുപ്പ്. തർക്കഭൂമിയിലേക്ക് പ്രവേശിച്ച ഘട്ടത്തിലാണ് വനംവകുപ്പ് ഉദ്യോസ്ഥർ എത്തിയത്. എന്നാൽ താത്കാലിക കുരിശ് സ്ഥാപിക്കാതെ പ്രാർഥന നടത്തിയ ശേഷം തിരിച്ചു പോകുമെന്ന് അറിയിച്ച വിശ്വാസികൾ പരിഹാര പ്രദക്ഷിണവും മറ്റു ചടങ്ങുകളും പൂർത്തിയാക്കി.
രാവിലെ 8.30ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ച പീഡാനുഭവ തിരുക്കർമങ്ങൾക്ക് ശേഷമാണ് കുരിശുരൂപമേന്തി നാരങ്ങാനത്തേക്ക് പരിഹാരപ്രദക്ഷിണം നടത്തിയത്. നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കുരിശ് സ്ഥാപിച്ചാൽ തടയണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒ പോലീസിന് കത്ത് നല്കിയിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തിയിരുന്നു. അതേസമയം, ദുഃഖവെള്ളി ദിവസം ഒരു സംഘർഷത്തിലേക്ക് പോകേണ്ടെന്ന നിലപാടിലാണ് വനംവകുപ്പും പോലീസും.
വനംവകുപ്പ് കുരിശ് പൊളിച്ചുനീക്കിയതിനു ശേഷം ഇവിടെ വിശ്വാസികൾ ഒത്തുചേർന്ന് ദിവസവും വൈകുന്നേരം കരുണക്കൊന്തയും ജപമാല പ്രാർഥനയും ചൊല്ലിവരുന്നുണ്ട്.