മദ്യ ലഹരിയിൽ മാതാപിതാക്കളെ മർദിച്ച മകൻ പിടിയിൽ
Friday, April 18, 2025 3:45 AM IST
ആലപ്പുഴ: മദ്യ ലഹരിയിൽ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വലിയപുരക്കൽ സുമേഷ് (38) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്ഥിരം മദ്യപാനിയായ സുമേഷ് ഉച്ചയ്ക്ക് വീട്ടിൽ വന്നപ്പോൾ അച്ഛൻ ദേവദാസുമായി വാക്ക് തർക്കം ഉണ്ടാവുകയും, അച്ഛനോട് വീട്ടിൽ നിന്ന് ഇറങ്ങി പോകുവാൻ ആക്രോശിക്കുകയുമായിരുന്നു.
തുടർന്ന് ദേവദാസും ഭാര്യയും വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സുലോചന തിരികെ വീട്ടിലേക്ക് പോയി. വൈകുന്നേരത്തോടു കൂടി ദേവദാസ് വീട്ടിൽ ചെന്നപ്പോൾ സുലോചനയെ മകൻ അസഭ്യം പറഞ്ഞ് ഉപദ്രവിക്കുന്നത് കണ്ടു.
പിന്നാലെ ദേവദാസ് ഭാര്യ സുലോചനയേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുവാൻ ഇറങ്ങിയപ്പോഴാണ് സുമേഷ് പുറകേ വന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റുളുകൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തിൽ അമ്മ സുലോചനക്കും പരിക്കേറ്റു.