തമിഴ്നാട് ഗവർണർ ഡൽഹിയിലേക്ക്; സുപ്രീംകോടതി വിധിക്കെതിരായ നിർണായക നീക്കത്തിനെന്ന് സൂചന
Thursday, April 17, 2025 9:53 PM IST
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഡൽഹിക്ക് പോയി. മൂന്ന് ദിവസം അദ്ദേഹം ഡൽഹിയിൽ തുടരുമെന്നാണ് വിവരം. അമിത്ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ബില്ലുകൾ പാസാക്കുന്നതിന് സമയ പരിധി നിശ്ചയിച്ച വിധിക്കെതിരായി നിയമപോരാട്ടത്തിന് തമിഴ്നാട് ഗവർണർ തയാറെടുക്കുന്നതായാണ് വിവരം. ഡൽഹി സന്ദർശനത്തിനിടെ അദ്ദേഹം അറ്റോർണി ജനറൽ, സോളിസിറ്റർ ജനറൽ എന്നിവരെയും മുതിർന്ന നിയമവിദഗ്ധരെയും കാണുമെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ല. പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും കോടതി പറഞ്ഞു.
ജസ്റ്റീസുമാരായ ജെ.ബി.പർഡിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ബില്ലിൽ തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രാഷ്ട്രപതി രേഖാമൂലം അറിയിക്കണം. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ചുവച്ച ശേഷം പിന്നീട് രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ഭരണഘടനാവിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.