ഷൈൻ ടോം ചാക്കോയെ ചോദ്യംചെയാനൊരുങ്ങി പോലീസ്; നോട്ടീസ് നൽകി വിളിപ്പിക്കും
Thursday, April 17, 2025 6:42 PM IST
കൊച്ചി: പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ഉടൻ ചോദ്യംചെയും. വൈകാതെ നടനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
ഹോട്ടലിൽ പോലീസ് പരിശോധന നടത്തുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയിരുന്നു. ബുധനാഴ്ച രാത്രി 11ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ജനല്‍ വഴി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഷൈനിനു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നടി വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.