വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിൽ കീടനാശിനി വിതറി; യുവാവ് അറസ്റ്റിൽ
Thursday, April 17, 2025 4:15 PM IST
ഹൈദരാബാദ്: കുടുംബം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിൽ കീടനാശിനി തളിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാനയിലെ ആദിലാബാദ് ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ പ്രതിയായ സോയം കിസ്റ്റുവാണ് അറസ്റ്റിലായത്.
കുടുംബത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. പാചകപുരയുടെ പൂട്ടു തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തിലും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിലും കീടനാശിനി തളിച്ചതായി കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. സ്കൂളിന്റെ സമീപത്തു നിന്ന് വിഷം കൊണ്ടുവന്ന ഒഴിഞ്ഞ കുപ്പിയും കണ്ടെത്തി.