കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് പോയ സംഘം വനത്തിൽ കുടുങ്ങി
Thursday, April 17, 2025 4:07 PM IST
പത്തനംതിട്ട: കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്രപോയ സംഘം വനത്തിൽ കുടുങ്ങി. ചടയമംഗലത്തുനിന്ന് യാത്രപോയ കുട്ടികൾ അടക്കം 38 പേരാണ് ബസിലുള്ളത്.
ബസിനു തകരാർ സംഭവിച്ചതോടെയാണ് സംഘം വനത്തിൽ കുടുങ്ങിയത്. മൂഴിയാർ വനമേഖലയിൽ എത്തിയപ്പോളാണ് ബസ് തകരാറിലായത്.
രാവിലെ 11 ഓടെ വനത്തിൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന് പറയുന്നു.