വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് യുവതി മരിച്ചു
Thursday, April 17, 2025 4:00 PM IST
ഈരാറ്റുപേട്ട: വാഗമൺ റോഡിൽ വേലത്തുശേരിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടമുണ്ടായത്. കുമരകം ഭാഗത്തുനിന്നും വന്ന വിനോദ സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. ബുധനാഴ്ചയാണ് 12 അംഗം സംഘം വാഗമണ്ണിൽ എത്തിയത്. വിനോദയാത്ര പൂർത്തിയാക്കി സംഘം തിരിച്ചുവരുന്നതിനിടെയാണ് വേലത്തുശേരി ഭാഗത്ത് വച്ച് ട്രാവലർ മറിഞ്ഞത്.
മരിച്ച ധന്യയുടെ ഭർത്താവും കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. മൂന്ന് കുടുംബങ്ങളാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. മറിഞ്ഞ ട്രാവലറിന്റെ അടിയിൽ യുവതി കുടുങ്ങിയതാണ് മരണകാരണം. ഇവരുടെ തലയ്ക്ക് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു.
ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സംഘവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.