വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
Thursday, April 17, 2025 3:04 PM IST
ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. കേന്ദ്രത്തിന്റെ മറുപടിക്കും സുപ്രീംകോടതി സമയം അനുവദിച്ചു. കേന്ദ്രത്തിനു മറുപടി നൽകാൻ ഏഴ് ദിവസം കോടതി അനുവദിച്ചു.
നിയമം പൂർണമായി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമത്തിൽ പൂർണമായി മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. തർക്ക ഭൂമിയിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവർത്തിച്ചു.
നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിർദേശിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിർത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചിട്ട് അന്തിമ തീരുമാനമെടുക്കും.
വഖഫ് ഭൂമി സംബന്ധിച്ച് നൂറിലധികം ഹർജികൾ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. എല്ലാത്തിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദമായവാദം തുടരും. മേയ് അഞ്ചിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.