കുരിശിന്റെ വഴി: വ്യാജപ്രചരണത്തിലൂടെ ഭിന്നത സൃഷ്ടിക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത
Thursday, April 17, 2025 3:03 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കുരിശിന്റെ വഴി നിരോധിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ ചില ഓൺലൈൻ മാധ്യമങ്ങൾ രൂപതാധ്യക്ഷനെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത പിആർഒ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ
വിശുദ്ധവാരത്തോടനുബന്ധിച്ച് രൂപതാധ്യക്ഷന്റെ നിർദേശമനുസരിച്ച് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വൈദികർക്കായി നല്കിയ ഓർമപ്പെടുത്തലുകളെയാണ് ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
വലിയ നോമ്പുകാലത്ത്, പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ പൊതുവായി കുരിശിന്റെ വഴി നടത്തുന്ന പതിവ് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും നിലനില്ക്കുന്നുണ്ട്. കുരിശിന്റെ വഴി ഉൾപ്പെടെയുള്ള വിശുദ്ധവാര കർമങ്ങൾ അർഥവത്തും പ്രാർഥനാപൂർവകവുമായി നടത്തുന്നതിനു വേണ്ടി അവയുടെ ചൈതന്യത്തിന് വിഘാതമാകുന്ന നാടകീയാവിഷ്കാരങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് നല്കപ്പെട്ടത്.
അടിസ്ഥാനരഹിതമായ പ്രചരണങ്ങളിലൂടെ ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ സഭാസമൂഹം തീർച്ചയായും തിരിച്ചറിയും. ധ്യാനത്തിന്റെയും പ്രാർഥനയുടെയും ചൈതന്യം നിറഞ്ഞ വിശുദ്ധവാരത്തിൽ പോലും സ്വാർഥലക്ഷ്യത്തോടെ അസത്യപ്രചരണങ്ങൾ നടത്തി രൂപതാധ്യക്ഷനെയും രൂപതയെയും അധിക്ഷേപിക്കുന്നത് തികച്ചും ഖേദകരമാണ്. തെറ്റിദ്ധാരണ പരത്തി സഭയിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കണമെന്നും ഫാ. സ്റ്റാൻലി പുള്ളോലിക്കൽ പ്രസ്താവനയിൽ പറഞ്ഞു.