രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: പോലീസ് കേസെടുത്തു
Thursday, April 17, 2025 1:42 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞദിവസം എംഎല്‍എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധമാർച്ചിലാണ് കൊലവിളി പ്രസംഗം നടത്തിയത്. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് പാർട്ടി മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് പറഞ്ഞിരുന്നു.
നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.സതീഷിന്റെ പരാതിയിലാണ് പോലീസ് നടപടി.
അതേസമയം പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാലക്കാട് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം പൂര്‍ത്തിയായി. പാലക്കാട് ഡിവൈഎസ്പി ഓഫീസിൽ നടന്ന ചർച്ചയിൽ സിപിഎം - ബിജെപി പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. പാർട്ടി ഓഫീസുകളിലേക്ക് മാർച്ച് നടത്തരുതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസ് അഭ്യർഥിച്ചു.