പൊഴി മുറിക്കാൻ അനുവദിക്കില്ല: മുതലപ്പൊഴിയിൽ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ
Thursday, April 17, 2025 12:24 PM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഇന്ന് പൊഴി മുറിക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ. ഡ്രഡ്ജിംഗ് കാര്യക്ഷമമാക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. അതേസമയം മണൽ മുഴുവനും നീക്കി പ്രശ്നം പരിഹരിക്കണമെന്നാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.
പൊഴി മുറിക്കാനായി ഹാർബർ എൻജിനീയറിംഗ് ഉദ്യോഗസ്ഥരും പോലീസും എത്തിയെങ്കിലും പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികളും സംഘടിച്ചെത്തി. വലിയ വള്ളങ്ങൾക്ക് കടന്ന് പോകാൻ പാകത്തിൽ പൊഴി മുറിക്കാമെന്ന് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചു. ഇതിന് നാല് ദിവസത്തെ സാവകാശം വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികൾ വഴങ്ങിയില്ല. തുടർചർച്ചകൾക്ക് ശേഷം ഇന്നുതന്നെ പൊഴി മുറിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
പൊഴി മുറിച്ചില്ലെങ്കില്‍ അഞ്ചു പഞ്ചായത്തുകളില്‍ വെള്ളംകയറുമെന്ന അവസ്ഥ വന്നതോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പക്ഷെ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. പൊഴി മുറിക്കാനെത്തിയാൽ തടയാനാണ് തീരുമാനമെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു.
ബുധനാഴ്ച ചേർന്ന മന്ത്രിതല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്. ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഉത്തരവ് നൽകിയതിനാൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും.