റീൽസെടുക്കാൻ മകളുടെ കൈയിൽ ഫോൺ കൊടുത്തു; നദിയിലിറങ്ങിയ യുവതിയെ കാണാതായി
Thursday, April 17, 2025 10:33 AM IST
ഉത്തരകാശി: റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. അവധി ആഘോഷിക്കാൻ നേപ്പാളിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
നേപ്പാൾ സ്വദേശിനി തന്റെ 11 വയസുള്ള മകൾക്കൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികർണിക ഘാട്ട് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം.
ഇവിടെ എത്തിയപ്പോൾ യുവതി തന്റെ മൊബൈൽ ഫോൺ മകളുടെ കൈയിൽ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു.
കാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാൽ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നിൽക്കുന്ന മകൾ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയെ ക്ലിപ്പിലുണ്ട്.
യുവതി വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് കരയിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടെന്നും ശക്തമായ ഒഴിക്കിൽപ്പെട്ട് നദയിൽ മുങ്ങിത്താഴുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തി നദയിൽ തെരച്ചിൽ തുടങ്ങിയെങ്കിലും യുവതിയെ കണ്ടെത്താൻ സാധിച്ചില്ല.