കൊലവിളി പ്രസംഗം; ബിജെപി നേതാവിനെതിരെ കോൺഗ്രസ് പരാതി നൽകും
Thursday, April 17, 2025 9:47 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടനെതിരെ കോൺഗ്രസ് ഇന്ന് പാലക്കോട് എസ്പിക്ക് പരാതി നൽകും.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് ഭീഷണി മുഴക്കിയത്.
പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നും ഓമനക്കുട്ടൻ പറഞ്ഞിരുന്നു. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
ആർഎസ്എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി.