സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നവർക്ക് ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ല: അലഹബാദ് ഹൈക്കോടതി
Thursday, April 17, 2025 12:46 AM IST
ലക്നോ: മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.
സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. അർഹമായ കേസിൽ ദമ്പതികൾക്ക് സുരക്ഷ നൽകാൻ കോടതിക്ക് കഴിയുമെന്നും എന്നാൽ ഭീഷണി ഇല്ലാത്ത സാഹചര്യത്തിൽ ദമ്പതികൾ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും കോടതി വ്യക്തമാക്കി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ശ്രേയ കേസർവാനിയും ഭർത്താവും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് സൗരഭ് ശ്രീവാസ്തവ ഈ നിരീക്ഷണം നടത്തിയത്. ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് നിഗമനം ചെയ്യാൻ യാതൊരു കാരണമോ വസ്തുതയോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിയിൽ ഉന്നയിച്ച വാദങ്ങൾ പരിശോധിച്ച ശേഷം, ഹർജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തീർപ്പാക്കി.