ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
Thursday, April 17, 2025 12:33 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഓക്സിജൻ മാസ്ക് മാറ്റിയതിനെ തുടർന്ന് രോഗിയാണ് മരിച്ചത്.
ഭോപ്പാലിലെ മൊറീന ജില്ലാ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയറ്റർ, ബേൺ യൂണിറ്റ്, സർജിക്കൽ വാർഡ് എന്നിവ തീപിടിത്തത്തിൽ കത്തിനശിച്ചു.
തീപടർന്നതിന് പിന്നാലെ രോഗികളെ എല്ലാവരെയും ആശുപത്രി കെട്ടിടത്തിൽ നിന്നും പുറത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ഒരാൾ മരിച്ചത്.
ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.