ഡൽഹിക്ക് ആവേശ ജയം; സൂപ്പർ ഓവറിൽ രാജസ്ഥാനെ വീഴ്ത്തി
Wednesday, April 16, 2025 11:57 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ സൂപ്പർ ഓവറിലാണ് ഡൽഹി വിജയിച്ചത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു.
ഇരു ടീമുകളും 188 റൺസ് വീതം നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസ് എടുത്തത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 11 റൺസാണ് എടുത്തത്. ഷിംറോൺ ഹെറ്റ്മയറും റിയാൻ പരാഗും ആണ് സൂപ്പർ ഓവറിൽ കളത്തിലിറങ്ങിയത്. മിച്ചൽ സ്റ്റാർക്കാണ് ഡൽഹിക്കായി ബൗൾ ചെയ്തത്.
സൂപ്പർ ഓവറിൽ ഡൽഹിക്ക് വേണ്ടി മറുപടി ബാറ്റിംഗിനിറങ്ങിയ കെ.എൽ. രാഹുലും ട്രിസ്റ്റൻ സ്റ്റബ്സും നാലാം പന്തിൽ വിജയം സ്വന്തമാക്കി. സന്ദീപ് ശർമയാണ് രാജസ്ഥാന് വേണ്ടി സൂപ്പർ ഓവറിൽ പന്തെറിഞ്ഞത്.
നേരത്തെ ഡൽഹി ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 188 റൺസ് ആണ് നേടാനായത്. യശസ്വി ജയ്സ്വാളും നിതീഷ് റാണയും സഞ്ജു സാസണും മാത്രമണ് രാജസ്ഥാനായി തിളങ്ങാനായത്. യശസ്വി 37 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 51 റൺസ് എടുത്ത് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
പിന്നാലെയെത്തിയ സഞ്ജു 19 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 31 റൺസ് എടുത്തു. നിതീഷ് റാണ് 28 പന്തിൽ ആറ് ഫോറും നാല് സിക്സും ഉൾപ്പെടെ 51 റൺസും ദ്രുവ് ജുറൽ 17 പന്തിൽ 26 റൺസും എടുത്തു.
ഡൽഹിക്കായി മിറ്റ്ച്ചെൽ സ്റ്റാർക്ക്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് അടിച്ചെടുത്തത്. അഭിഷേക് പോർളെയുടെയും കെ.എൽ. രാഹുലിന്റെയും നായകൻ അക്സർ പട്ടേലിന്റെയും ഇന്നിംഗ്സുകളാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 37 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 49 റൺസ് എടുത്ത അഭിഷേക് പോർളെയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
കെ.എൽ. രാഹുൽ 32 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 38 റൺസ് എടുത്തു. ക്യാപ്റ്റൻ അക്സർ പട്ടേൽ 14 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 34 റൺസും ട്രിറ്റ്സ് സ്റ്റബ്സ് 18 പന്തിൽനിന്ന് 34 റൺസും എടുത്ത് തിളങ്ങി.
രാജസ്ഥാൻ റോയൽസിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മഹേഷ് തീക്ഷണ, വാനിൻഡു ഹസരംഗെ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.