ബിജെപിയുടെ കൊലവിളി പ്രസംഗം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, എംഎൽഎയും പോലീസും തമ്മിൽ വാക്കേറ്റം
Wednesday, April 16, 2025 7:53 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തതിനു പിന്നാലെ പാലക്കാട്ട് സംഘർഷം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി നടത്തിയ കൊലവിളി പ്രസംഗത്തിൽ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പാലക്കാട് നഗരസഭ ഭിന്നശേഷിക്കാർക്കായി ഒരുക്കുന്ന നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ അലങ്കോലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്കും ഡിസിസി ഓഫീസിലേക്കും ബിജെപി മാർച്ച് നടത്തിയിരുന്നു. പിന്നാലെ ഇന്ന് യൂത്ത് കോൺഗ്രസ് ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
മാർച്ചിൽ പങ്കെടുത്ത സന്ദീപ് വാര്യർ അടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടർന്ന് എംഎൽഎ അടക്കമുള്ളവർ പോലീസ് സ്റ്റേഷനിലേക്ക് എത്തി പ്രതിഷേധിക്കുകയായിരുന്നു.
ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ പോലീസ് തടഞ്ഞില്ലെന്നും വധഭീഷണി മുഴക്കിയപ്പോൾ പ്രശ്നമാക്കിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപിക്കെതിരെ സമരം നടത്തുമ്പോഴാണ് പ്രശ്നം. പാലക്കാട്ടെ പോലീസിന് സംഘി പ്രീണനമുണ്ട്. മുൻസിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നത്. തന്നെ പിടിച്ചുമാറ്റിയത് യൂണീഫോമില്ലാത്ത പോലീസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.