വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്; നിർണായക നിർദേശവുമായി സുപ്രീം കോടതി
Wednesday, April 16, 2025 4:26 PM IST
ന്യൂഡൽഹി: വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ നിർണായക നിർദേശം. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അങ്ങനെ തന്നെ തുടരണമെന്ന് കോടതി നിർദേശിച്ചു.
കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 26 നെ മതാചാരവുമായി കുട്ടികുഴയ്ക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 26 മതേതരമാണെന്നും എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞു.
പുരാതന സ്മാരകങ്ങളാകും മുമ്പ് വഖഫായിരുന്നത്. അത് അങ്ങനെ തന്നെ തുടരുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. കേസ് ഹൈക്കോടതിയിലേക്ക് തിരികെ വിടണമോയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.
ഉപയോഗം വഴി വഖഫ് ആയവ അതല്ലാതെ ആക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. വഖഫ് കൗൺസിലിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങൾ മുസ്ലീങ്ങൾ തന്നെയാകണം. മുസ്ലീങ്ങളെ ഹിന്ദുമത സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോ?.നിയമ നിര്‍മാണ സഭയ്ക്ക് ഉത്തരവ് പ്രഖ്യാപിക്കാന്‍ അധികാരമില്ല.
ഹർജിക്കാരിൽ മൂന്ന് അഭിഭാഷകർക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലുണ്ടായ സംഘർഷത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി.
നാളെ ഉച്ചയ്ക്ക് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം ഇടക്കാല ഉത്തരവിറക്കാം കോടതി എന്ന് വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.