ശ്രീനിവാസന് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Wednesday, April 16, 2025 2:28 PM IST
ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന് വധക്കേസിലെ പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
ജസ്റ്റീസുമാരായ അഭയ് എസ്. ഓക, എന്‍.കെ.സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികൾക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.
എൻഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. എന്നാൽ ഇതിൽ ഗൗരവമായ കാര്യങ്ങള്‍ ഒന്നും ഇല്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
അതേസമയം കേസിൽ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച മറ്റ് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ എന്‍ഐഎയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യ ഹര്‍ജികള്‍ മേയ് ആറിന് പരിഗണിക്കാനായി മാറ്റി.