കെ.കെ. രാഗേഷിനെ അഭിനന്ദിച്ച ദിവ്യയെ പരസ്യമായി തള്ളി ശബരിനാഥൻ
Wednesday, April 16, 2025 1:06 PM IST
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ ദിവ്യ എസ്. അയ്യർ അഭിനന്ദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഭർത്താവും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥൻ രംഗത്ത്.
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്ന് ശബരിനാഥൻ പ്രതികരിച്ചു. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം.
പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.
കർണന് പോലും അസൂയ തോന്നുന്ന കെകെആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ പുകഴ്ത്തിയത്. കെ. മുരളീധരനും യൂത്ത് കോൺഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിയുടെ പ്രതികരണം.