എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ വൻ മോഷണം
Wednesday, April 16, 2025 7:25 AM IST
അരൂർ: എഴുപുന്ന ശ്രീനാരായണപുരം മഹാക്ഷേത്രത്തിൽ വൻ മോഷണം. 20 പവൻ വരുന്ന ദേവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കീഴ്ശാന്തി കൊല്ലം സ്വദേശി ഒ.ടി. രാമന്ദ്രനെ കാണാനില്ല.
തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന് ദേവസ്വം ഭാരവാഹികൾ കീഴ്ശാന്തി ഒ.ടി. രാമചന്ദ്രനു നൽകിയിരുന്നു. ഇത് വിഷു പുലർച്ചെ ദേവനു ചാർത്തിയിരുന്നു.
വിഷു ദിനത്തിൽ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തിരിച്ചു നൽകേണ്ടതാണ്. എന്നാൽ ഒന്നിലേറെ പ്രവശ്യം ദേവസ്വം അധികാരികൾ ആഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒഴിഞ്ഞു മാറി.
പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് ശീകോവിലിലും മറ്റും പരിശോധന നടത്തിയെങ്കിലും തിരുവാഭരണങ്ങൾ കണ്ടുകിട്ടിയില്ല. തുടർന്ന് ദേവസ്വം ഭാരവാഹികൾ അരൂർ പോലീസിൽ പരാതി നൽകി.
രണ്ട് നെക്ലസുകൾ. 10 പവൻ വരുന്ന മാല, 26.59 ഗ്രാം വരുന്ന കിരീടം ഉൾപ്പടെ 20 പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നാലു മാസം മുമ്പാണ് കീഴ്ശാന്തി രാമചന്ദ്രൻ ഇവിടെ എത്തുന്നത്. ഇയാളെ സംബന്ധിച്ചുളള ഒരു വിവരങ്ങളും ക്ഷേത്രം ഭാരവാഹികളുടെ കൈവശമില്ല എന്നാണ് അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.